നിയമസഭയിൽ ഏത് വിഷയവും ചർച്ച ചെയ്യുന്നതിന് അവകാശമുണ്ട്; ഗവർണർ

തിരുവനന്തപുരം: നിയമസഭയിൽ ഏത് വിഷയവും ചർച്ച ചെയ്യുന്നതിന് അവകാശമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിൽ എന്താണുള്ളതെന്ന് അറിയില്ലെന്നും തന്റെ മുന്നിലെത്തുമ്പോഴല്ലേ അഭിപ്രായം പറയേണ്ടതുള്ളൂവെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ബിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടേണ്ടതുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബില്ലെങ്കിൽ പരിഗണിക്കും. വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ല. അത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണെന്നും ഗവർണർ അറിയിച്ചു. ഗവർണറുടെ തുടർച്ചയായ യാത്രകൾക്കെതിരെ ഉയരുന്ന വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ആളുകൾ ക്ഷണിക്കുന്ന സ്ഥലങ്ങളിൽ പോകാറുണ്ട്. ഇനിയും പോകും. ആവശ്യമെങ്കിൽ തന്റെ യാത്രയുടെ മുഴുവൻ വിവരങ്ങളും നൽകുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസറായുള്ള മല്ലികാ സാരബായിയുടെ നിയമനത്തെ ഗവർണർ സ്വാഗതം ചെയ്തു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാബായി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.