നോട്ട് നിരോധനം; തീരുമാനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആർബിഐയോടും കേന്ദ്രത്തോടും നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 2016 ൽ നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസർക്കാർ സ്വീകരിച്ച തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി സുപ്രീം കോടതി. റിസർവ്വ് ബാങ്കിനും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

1000, 500 നോട്ടുകൾ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. ജസ്റ്റിസ് എസ് എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നടപടി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ആർബിഐ അഭിഭാഷകനായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, ഹർജിക്കാരെ പ്രതിനിധികരിച്ച് മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരുടെ വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്. വാദങ്ങൾ കേട്ടുവെന്നും രേഖകൾ പരിശോധിക്കുന്നത് വരെ വിധി നീട്ടിവച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഡിസംബർ 10ന് അകം രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.