കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകും; ധനമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ചോദിച്ചു. സർക്കാർ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോൾ നിലവിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നാണ് ധനമന്ത്രി ഇതിന് നൽകിയ മറുപടി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി.

സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേന്ദ്ര സർക്കാർ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരമില്ലെന്നും എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.