ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സുപ്രീം കോടതി. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്ന് കോടതി അറിയിച്ചു. ദാനം ചെയ്യുന്നത് നല്ല കാര്യം ആണെങ്കിലും ലക്ഷ്യം മതപരിവർത്തനം ആകരുതെന്നാണ് കോടതി വ്യക്തമാക്കിയത്. മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

അതേസമയം, മതപരിവർത്തനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിലുള്ള സംവിധാനങ്ങൾ അറിയിക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച ശേഷം വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം പൗരന്മാർക്കുണ്ട്. എന്നാൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിനുള്ള അധികാരമില്ലെന്നുംവ്യക്തമാക്കി സുപ്രീം കോടതിയിൽ നേരത്തെ കേന്ദ്ര സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

ഒൻപത് സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം തടയുന്നതിന് ഇതിനോടകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്നത്.