ഓപ്പറേഷൻ ലോട്ടസ്; തുഷാർ വെള്ളാപ്പള്ളിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

ഹൈദരാബാദ്: തുഷാർ വെള്ളാപ്പള്ളിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്. തെലങ്കാന ഓപ്പറേഷൻ ലോട്ടസ് കേസിലാണ് എൻഡിഎയുടെ കേരളത്തിലെ കൺവീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ് നൽകിയത്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് നടപടി.

അതേസമയം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ചോദ്യംചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ആവശ്യപ്പെട്ട് സന്തോഷിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ പദ്ധതിക്ക് പിന്നിൽ പ്രധാനമായി പ്രവർത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. 4 എംഎൽഎമാർക്കു കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണ് ടിആർഎസ് ആരോപിക്കുന്നത്. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാർ. കൃത്യമായി തെളിവുകൾ തന്റെ കൈവശമുണ്ട്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

ഏജന്റുമാർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കുവെച്ചു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജന്റുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷൻമാർക്കും തന്റെ കൈവശമുള്ള തെളിവുകൾ അയച്ചു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.