അടിവാരം-ലക്കിടി റോപ്‌വേ പദ്ധതിയുമായി വെസ്റ്റേൺഘട്ട്സ് ലിമിറ്റഡ്; റവന്യൂ-സാങ്കേതിക സർവേകൾ പൂർത്തിയാക്കി

വയനാട്: അടിവാരം-ലക്കിടി റോപ്‌വേ പദ്ധതിയുമായി വെസ്റ്റേൺഘട്ട്സ് ലിമിറ്റഡ് കമ്പനി. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണിത്. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി, റവന്യൂ-സാങ്കേതിക സർവേകൾ പൂർത്തിയാക്കിയതായാണ് അധികൃതർ നൽകുന്ന വിവരം. പദ്ധതി യാഥാർത്ഥ്യമായതോടെ വയനാടൻ ടൂറിസത്തിനും യാത്രാപ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

150 കോടിയാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്. 2020 ലാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വെസ്റ്റേൺഘട്ട്സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയത്. പദ്ധതിയുടെ ഭാഗമായി അടിവാരത്ത് പത്ത് ഏക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും കമ്പനി വാങ്ങിയിട്ടുണ്ട്. ലോവർടെർമിനലായ അടിവാരത്ത് കാർപാർക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്താണ് കൂടുതൽ ഭൂമി വാങ്ങുന്നത്.

അടിവാരത്ത് നിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ ദൂരത്തിലാണ് റോപ്‌വേ വിഭാവനം ചെയ്തിട്ടുള്ളത്. പരമാവധി പത്തുമിനിറ്റിനകം അടിവാരത്ത് നിന്ന് ലക്കിടിയിൽ എത്തിച്ചേരാനാകും. 40 കേബിൾകാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. ഒരു കേബിൾകാർ ആംബുലൻസ് സൗകര്യങ്ങളോടെയായിരിക്കും സജ്ജമാകുക. റോപ്‌വേ പൂർത്തീകരിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ റോപ്‌വേകളിൽ ഒന്നായിരിക്കുമിത്.