ബംഗ്ലാദേശിനെ കീഴടക്കി സെമി സാധ്യത ഉറപ്പാക്കി ഇന്ത്യ

അഡ്‌ലെയ്ഡ്: ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തിയത്. 185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ദാസിന്റെ പ്രകടനമാണ് ഇന്ത്യയെ വെളളം കുടിപ്പിച്ചത്. ഒരറ്റത്ത് നിന്ന് ആഞ്ഞടിച്ച ലിട്ടന്‍ ദാസ് 27 പന്തുകളില്‍ 60 റണ്‍സ് എടുത്തു.

കളി ഏഴാം ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മഴ എത്തി. ബംഗ്ലാദേശിന്റെ സ്‌കോര്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 എന്ന നിലയിലായിരുന്നു. മഴനിയമപ്രകാരം അപ്പോള്‍ ബംഗ്ലാദേശ് 17 റണ്‍സിന് മുന്നിലായിരുന്നു. അന്നേരം കളി നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ത്യ പരാജയപ്പെടുമായിരുന്നു. സെമിയിലേക്കുളള പ്രവേശനവും അനിശ്ചിതത്വത്തിലാകുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥനയെന്നോണം മഴ മാറി കളി പുനരാരംഭിച്ചു. സമയം നഷ്ടപ്പെട്ട കാരണം നാല് ഓവര്‍ കുറച്ചു. ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 ആക്കി പുനര്‍ നിശ്ചയിക്കുകയും ചെയ്തു. മഴയ്ക്ക് ശേഷം കൈവിട്ടുവെന്ന് കരുതിയ കളി ഇന്ത്യ തിരിച്ചുപിടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അപകടകാരിയായ ലിട്ടന്‍ ദാസാണ് ആദ്യം വീണത്. റണ്ണെടുക്കാനുളള ഓട്ടത്തിനിടയില്‍ കെ എല്‍ രാഹുല്‍ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു.

ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ ടീം ആവേശത്തിലായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴ്ത്തി കൊണ്ടേയിരുന്നു. അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും മുഹമദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി എന്ന് കരുതിയ ഘട്ടത്തില്‍ ബംഗ്ലാദേശ് തിരിച്ചു വരുന്ന ദൃശ്യങ്ങള്‍ക്കും അഡ്ലെയ്ഡ് സാക്ഷിയായി. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നാരുള്‍ ഹസനും താസ്‌കിന്‍ അഹമദും ചേര്‍ന്ന് സമര്‍ദ്ദത്തിലാഴ്ത്തി. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് വേണമായിരുന്നു. എന്നാല്‍ 14 റണ്‍സ് എടുക്കാനേ കഴിഞ്ഞുളളൂ. 16ാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്സിന് പരിസമാപ്തിയായി.

എതിരാളികള്‍ക്ക് മേല്‍ ശക്തമായ വിജയലക്ഷ്യം ഉയര്‍ത്താന്‍ സാധിച്ചത് കോഹ്ലിയുടെ പ്രകടനമാണ്. ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. വെറും രണ്ട് റണ്‍ മാത്രമാണ് ക്യാപ്റ്റന് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ സമര്‍ദ്ദത്തിനിടയിലും അവസരോചിതമായി ബാറ്റ് ചെയ്ത വിരാട് പുറത്താകാതെ അര്‍ധ സെഞ്ച്വറി തികച്ചു. 44 പന്തുകളില്‍ നിന്ന് 64റണ്‍സാണ് കോഹ്ലി നേടിയത്. ഫോമില്ലായ്മ മൂലം വിമര്‍ശനം നേരിടുന്ന ഓപ്പണര്‍ കെ എല്‍ രാഹുല്‍ പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്തു. 32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും സഹായത്തോടെ 50 റണ്‍സ് നേടി. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവും ആഞ്ഞടിച്ചു സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. 16 പന്തുകളില്‍ നിന്ന് 30 റണ്‍സാണ് യാദവിന്റെ സംഭാവന. ഹാര്‍ദിക് പാണ്ഡ്യ(5), അക്ഷര്‍ പട്ടേല്‍(7), ദിനേശ് കാര്‍ത്തിക്(7), രവിചന്ദ്ര അശ്വിന്‍(13*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ പ്രകടനം.