പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താറിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൽ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. യുഎപിഎ കേസിലാണ് അബ്ദുൽ സത്താർ അറസ്റ്റിലായത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ.

കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. സെപ്തംബർ 28 ഉച്ചയ്ക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന് പിന്നാലെ പിഎഫ്‌ഐ ഓഫീസുകൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ്‌ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.