ജനകോടികളുടെ വിശ്വസ്തന്‍ ഇനി ഓര്‍മ

‘അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ഒരൊറ്റ പരസ്യ വാചകത്തിലൂടെ ജനകോടികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം കനറാ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ തുടക്കം. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഫീല്‍ഡ് ഓഫീസറും അക്കൗണ്ടന്റും മാനേജരുമായും സേവനമനുഷ്ഠിച്ചു.

കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലിക്കായാണ് അദ്ദേഹം 1974 ല്‍ കുവൈറ്റില്‍ എത്തുന്നത്. ഈ കാലത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ക്കുള്ള വലിയ ഡിമാന്‍ഡിനെക്കുറിച്ച് തിരിച്ചറിഞ്ഞ അദ്ദേഹം കുവൈറ്റിലെ സൂഖ് അല്‍ വാത്യയില്‍ ആദ്യത്തെ അറ്റ്‌ലസ് ഷോറൂം തുറന്നു. കുവൈറ്റിലെ സ്വര്‍ണവ്യാപാരം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടയിലെ ഗള്‍ഫ് യുദ്ധത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ബിസിനസ്സ് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍, യുഎഇയില്‍ എത്തി വീണ്ടും അദ്ദേഹം ബിസിനസ് ആരംഭിച്ചു. പ്രാദേശിക സ്വര്‍ണ്ണ വ്യാപാരത്തില്‍ മെഗാ ഓഫറുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് അറ്റ്‌ലസ് രാമചന്ദ്രനാണ്. സ്വര്‍ണ്ണക്കട്ടി മുതല്‍ ആഢംബര കാറുകള്‍ വരെ സമ്മാനമായി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിപ്പിച്ചു. കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയതിനു ശേഷമാണ് ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം അദ്ദേഹം അവതരിപ്പിക്കുന്നത്.

അതേസമയം, വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ ബാങ്കുകള്‍ നല്‍കിയ കേസില്‍ 2015 ഓഗസ്റ്റിലാണ് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റേയും പ്രവാസി സംഘടനകളുടേയും ഇടപെടലിലൂടെ 2018 ജൂണില്‍ അദ്ദേഹം ജയില്‍ മോചിതനായി. പ്രവാസി, ചലച്ചിത്ര നിര്‍മാതാവ്, സിനിമാ വിതരണം, അഭിനേതാവ് തുടങ്ങി വിവിധ മേഖലകളില്‍ അറ്റ്‌ലസ് രാമചന്ദ്രനെ മലയാളികള്‍ക്ക് പരിചിതമാണ്.