സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അർബുധ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിൽ നിന്ന് ഉടനെ നാട്ടിലെത്തിക്കും.

കേരളാ രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം. പിണറായി വിജയൻ കഴിഞ്ഞാൽ പാര്ട്ടിയിലെ കരുത്തനായ നേതാവ്. സിപിഎം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. അർബുദരോഗബാധിതനായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. തലശേരിയിൽ നിന്ന് അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തര, ടൂറിസം മന്ത്രിയുമായി. വി എസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു കോടിയേരി.

2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഎമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. 2022 ഓഗസ്റ്റ് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.