മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; വീഡിയോ കവറേജിന് പ്രത്യേക ഏജൻസിയെ തെരഞ്ഞെടുത്തു, ചെലവ് 7 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദർശനത്തിനായി വീഡിയോ കവറേജിന് വേണ്ടി പ്രത്യേക ഏജൻസിയെ തെരഞ്ഞെടുത്തു. വിഡിയോ, ഫോട്ടോ കവറേജിനാണ് ഏജൻസിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് ഇതിനായുള്ള ഏജൻസിയെ നൽകുന്നത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് വീഡിയോ കവറേജിനായി നൽകുന്നത്.

ഒക്ടോബർ രണ്ട് മുതലാണ് മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ നാല് വരെ ഫിൻലാൻഡിലും അഞ്ച് മുതൽ ഏഴ് വരെ നോർവെയിലുമാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്. ഒക്ടോബർ ഒൻപതിന് യുകെയിലെത്തുന്ന പിണറായി വിജയൻ 12-ാം തീയതി വരെ അവിടെയുണ്ടാകും.

നേരത്തെ ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു.വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലാൻഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം. ഫിൻലൻഡിന് പുറമേ നോർവെയിലും സംഘം സന്ദർശനം നടത്തും.