മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വിമർശനങ്ങൾ മയപ്പെടുത്തി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വിമർശനങ്ങൾ മയപ്പെടുത്തി സിപിഐ. സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിലാണ് സിപിഐ വിമർശനങ്ങൾ മയപ്പെടുത്തിയത്. ജില്ലാ സമ്മേളനങ്ങൾ രൂക്ഷമായ വിമർശനം ഉയർത്തിയപ്പോഴാണ് ആ സമ്മേളനങ്ങളിലെ പ്രതിനിധികൾ കൂടി പങ്കെടുത്ത സംസ്ഥാന സമ്മേളനത്തിൽ വിമർശനങ്ങൾ മയപ്പെടുത്താൻ സിപിഐ തീരുമാനിച്ചത്.

യുഎപിഎ അറസ്റ്റിലും അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും ഇടത് നയവ്യതിയാനത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പൊതു വിമർശനങ്ങൾ മുക്കി. പോലീസിനും ആഭ്യന്തര വകുപ്പിനും എതിരായി ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന പരാമർശങ്ങളെല്ലാം റിപ്പോർട്ടിൽ മയപ്പെടുത്തിയിട്ടുണ്ട്. വീഴ്ചകൾ ഒറ്റപ്പെട്ടതെന്നാണ് നിലവിൽ രാഷ്ട്രീയ പ്രമേയത്തിലെ വിലയിരുത്തൽ.

അതേസമയം, വിഴിഞ്ഞം പദ്ധതിയിൽ സമരക്കാരുടെ ഉത്കണ്ഠ അവഗണിക്കാനാകില്ല. സിൽവർ ലൈൻ പദ്ധതി അവധാനതയോടെ വേണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.