സായുധ സേനയ്ക്ക് പ്രത്യേക അധികാരം; അരുണാചൽ പ്രദേശിലും നാഗാലാഡിലും അഫ്സ്പ നിയമം വീണ്ടും നീട്ടി

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അഫ്സ്പ നിയമം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിൽ മൂന്ന് ജില്ലകളിലും നാഗാലാൻഡിൽ 9 ജില്ലകളിലുമാണ് അഫ്‌സ്പ നിയമം നീട്ടി നൽകിയത്. ആറുമാസത്തേക്കാണ് അഫ്സ്പ നീട്ടിയത്. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ.

അരുണാചൽ പ്രദേശിൽ തിരപ്, ചാങ്ലാങ്, ലോങ്ഡിംഗ് എന്നീ മൂന്ന് ജില്ലകളിലാണ് അഫ്സ്പ നീട്ടിയത്. നംസായി, മഹാദേവ്പൂർ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലും അഫ്സ്പാ നീട്ടി.

ദിമാപൂർ, നിയുലാൻഡ്, ചുമൗകെദിമ, മോൺ, കിഫിർ, നോക്ലാക്, ഫെക്ക്, പെരെൻ, സുൻഹെബോട്ടോ ജില്ലകളിലാണ് നാഗാലാൻഡിൽ നിയമം നീട്ടിയിരിക്കുന്നത്. ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് 30 വരെ ഈ ജില്ലകളിൽ അഫ്സ്പ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.