കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം പരീക്ഷണാടിസ്ഥാനത്തില്‍ പാറശാല ഡിപ്പോയില്‍ ആരംഭിച്ചു. 73 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുക. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സര്‍വീസ് നടത്തി.

അപാകതകള്‍ വന്നാല്‍ പരിശോധിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. 8 മണിക്കൂറില്‍ കൂടുതല്‍ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നല്‍കും. നേരത്തെ 8 ഡിപ്പോകളില്‍ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെ തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍, ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കും.

അതേസമയം, ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയന്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്മാറി. ഡയസ്‌നോണ്‍ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിന്‍മാറിയത്.