നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നും, ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യില്‍ തെളിവുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിചാരണ കോടതി പ്രോസിക്യൂഷനോട് മുന്‍ വിധിയോടെ പെരുമാറിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അതിജീവിതയുടെ സമാന ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല

കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടര്‍ച്ചയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയിലായതോടെ അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.