കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടി; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതികരണവുമായി ഒവൈസി

ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ചില വ്യക്തികളുടെ പ്രവർത്തിയുടെ പേരിൽ സംഘടനയെ നിരോധിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിങ്ങളെ നിശബ്ദരാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. താൻ എല്ലായ്പ്പോഴും പിഎഫ്ഐയുടെ രീതിയെ എതിർത്തിരുന്നെങ്കിലും ജനാധിപത്യ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂരമായ നിരോധനം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ കേരളത്തിൽ നിന്നുള്ള മുസ്ലിം സംഘടനകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരോധനം ചോദിച്ചു വാങ്ങിയതാണെന്ന് കേരള നദ്‌വത്തുൽ മുജാഹീദ്ദിൻ വ്യക്തമാക്കി. പിഎഫ്‌ഐ അമീബയെ പോലെ രൂപം മാറി വരാനിടയുണ്ടെന്നും സമുദായം തന്നെ ഇതിനെതിരെ രംഗത്തിറങ്ങണമെന്നും മുസ്ലീംലീഗ് നേതാവ് എം.കെ മുനീർ അറിയിച്ചു.