ശിവസേനയുടെ ചിഹ്നം ആർക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ശിവസേനയുടെ ചിഹ്നം ആർക്കു നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. യഥാർത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന് ഏക്‌നാഥ് ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി.

മഹാരാഷ്ട്രയിലെ അധികാര മാറ്റത്തെക്കുറിച്ചുള്ള കേസുകളിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ചൊവ്വാഴ്ച്ച വാദം ആരംഭിച്ചു. ഒരു ദിവസം ഇക്കാര്യത്തിൽ വാദം കേട്ട ശേഷമാണ് കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. ശിവസേനാ അധികാരം സംബന്ധിച്ച ഹർജികൾ ഈ വർഷം ഓഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടത്. കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവ സംബന്ധിച്ച എട്ട് ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. ഇതിന്മേലാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്.

അയോഗ്യത, സ്പീക്കറുടെയും ഗവർണറുടെയും അധികാരം, നിയമപരമായ അവലോകനം എന്നിവയുൾപ്പെടുന്ന ഭരണഘടനാ പത്താം അനുഛേദവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ വിഷയങ്ങൾ ഉയർത്തുന്നതാണ് ഇരുകക്ഷികളുടെയും ഹർജികളെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഭരണഘടനയുടെ പത്താം അനുഛേദത്തിൽ കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.