രണ്ട് കോൺഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്തയാളാണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ നടക്കുന്നത്; പരിഹാസവുമായി എം എം മണി

തൊടുപുഴ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ എം എം മണി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ എങ്ങുമെത്താതെ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. രാജസ്ഥാനിൽ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

രാജസ്ഥാനിൽ രണ്ട് കോൺഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്തയാളാണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നതെന്ന് എം എം മണി ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്..