ഉപ്പ് അമിതമായി ഉപയോഗിക്കുന്നുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കൂ…

ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരിൽ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പ്രതിദിനം ഒരു ഗ്രാം ഉപ്പ് കുറയ്ക്കുന്നത് പോലും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിലൂടെ അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നുവെന്നതിന് നിർണായക തെളിവുകൾ നിലവിലുണ്ടെന്നാണ് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ സന്തോഷ് കുമാർ ഡോറ അറിയിക്കുന്നത്.

ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. ഉപ്പിന്റെ അമിതോപയോഗം ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. സ്‌ട്രോക്കുകളുടെ 62 ശതമാനവും, ഇസ്‌കെമിക് ഹൃദ്രോഗ കേസുകളിൽ 49 ശതമാനവും ഉയർന്ന രക്തസമ്മർദ്ദം മൂലമാണ് ഉണ്ടാകുന്നത്.

മുതിർന്നവർ പ്രതിദിനം ആറ് ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂവെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പാചകം ചെയ്യുമ്പോൾ കുറച്ച് ഉപ്പ് ചേർക്കുക. ഭക്ഷണം തയ്യാറാക്കിയ ശേഷം കഴിക്കുന്ന സമയത്ത് ഉപ്പ് ചേർക്കുന്നതും നല്ലതല്ല.