തെരുവുനായ്ക്കളെ പിടികൂടൽ; കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കളെ പിടികൂടാൻ കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേർ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം നൽകുന്നത്.

ജില്ലാ കുടുംബശ്രീയിൽ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവർക്കാണ് പരിശീലനം നൽകുക. കോർപ്പറേഷൻ ഡോക്ടർമാരായ ശ്രീരാഗ്, അഞ്ജു, രാജേഷ് ബാൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം. നേരത്തെ കുടുംബശ്രീയിൽ ഉണ്ടായിരുന്ന നായ പിടുത്തക്കാർക്ക് ആദ്യം പരിശീലനം നൽകും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പരിശീലനം നൽകുന്നത്.