വ്യാജ വാര്‍ത്തകള്‍; യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം

ഡല്‍ഹി: മതസ്പര്‍ദ്ധയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 10 യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍, ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു.

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്രം നടപടിയെടുത്തത്. ആഗസ്റ്റില്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച ഒരു പാകിസ്ഥാന്‍ ചാനലും 7 ഇന്ത്യന്‍ ചാനലുകളുമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിര്‍മ്മിതികള്‍ തകര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ഉത്തരവിട്ടു എന്ന രീതിയിലുള്ള വ്യാജ വാര്‍ത്തകള്‍ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2021ലെ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.