മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ

മൂണ്‍ലൈറ്റിംഗ് അഥവാ ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുന്ന ഇരട്ടത്തൊഴില്‍ സമ്ബ്രദായം അനുവദിക്കില്ലെന്ന് ജീവനക്കാര്‍ക്ക് വിപ്രോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരട്ടത്തൊഴില്‍ ചെയ്തതിന് മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചിട്ടുണ്ട്.

ഇരട്ടത്തൊഴില്‍ കമ്ബനിയുടെ ചട്ടങ്ങള്‍ക്ക് വിപരീതമാണെന്ന് ഇതിനോടകം വിപ്രോ ജീവനക്കാരെ അറിയിച്ചിരുന്നു. ഒരുമാസത്തോളം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനുശേഷമാണ് ഇരട്ടത്തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുള്ളത്. ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുമ്‌ബോള്‍ ഡാറ്റ ചോര്‍ച്ച, സുരക്ഷാ വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് വിപ്രോയുടെ നീക്കം.

വിപ്രോയ്ക്ക് പുറമേ, ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂണ്‍ലൈറ്റിംഗ് അനുവദനീയമല്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് ഇമെയില്‍ മുഖാന്തരം മുന്നറിയിപ്പ് നല്‍കിയത്.