ഭാരത് ജോഡോ യാത്രയ്ക്കിടെ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി എംപി വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചതിനു ശേഷം കല്ലുംമൂട്ടില്‍കടവ് പാലം വഴി തീരദേശറോഡിലൂടെ സഞ്ചരിച്ചാണു രാത്രി എട്ടരയോടെ രാഹുല്‍ മഠത്തിലെത്തിയത്. സന്യാസിമാര്‍ ചേര്‍ന്നു രാഹുലിനെ സ്വീകരിച്ചു.

കടലോര ഗ്രാമത്തിലൂടെയുള്ള രാഹുലിന്റെ യാത്ര കാണാന്‍ തീരദേശ റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു പേരാണു തടിച്ചുകൂടിയത്. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം വാഹനത്തില്‍ നീങ്ങിയത്. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി അമൃതപുരിയിലെത്തിയത്. 45 മിനിറ്റോളം മാതാ അമൃതാനന്ദമയിക്കൊപ്പം ചെലവഴിച്ച് ഒന്‍പതരയോടെ അദ്ദേഹം മടങ്ങി.

ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി ബിഷപ്പുമാരെ രാഹുല്‍ ഗാന്ധി നേരത്തെ കണ്ടിരുന്നു. പിന്നീട് ശിവഗിരി മഠവും സന്ദര്‍ശിച്ചു. അതിന് ശേഷമാണ് വള്ളിക്കവാവില്‍ എത്തുന്നത്. അതേസമയം, ജോഡോ യാത്ര ഇന്നലെ കൊല്ലത്ത് അവസാനിച്ചു.