ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം: ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.

‘ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മൂന്നു വര്‍ഷം മുമ്പ് കണ്ണൂരില്‍ എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുത്തില്ല. കണ്ണൂരില്‍ എനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. എല്ലാത്തിനും കൈയ്യില്‍ തെളിവുണ്ട്. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ല? ആഭ്യന്തര ആരുടെ കൈയ്യില്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി നിഴല്‍യുദ്ധം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ നയങ്ങള്‍ അറിയാന്‍ പൊതുജനത്തിന് അവകാശമുണ്ട്. ഇനിയെങ്കിലും പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. സംസ്ഥാനത്ത് സ്വജനപക്ഷപാതമാണ് നടക്കുന്നത്. ഞാന്‍ ഗവര്‍ണര്‍ ആയിരിക്കുന്ന കാലം അത് സമ്മതിക്കില്ല. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടും. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ല’- ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇന്ന് ഗവര്‍ണര്‍ രംഗത്തെത്തിയത്.