തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് കാര്യക്ഷമവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് കാര്യക്ഷമവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കാൻ ഭരണഘടനാ അനുശാസിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഗോപിനാഥ് പിജെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ആശുപത്രികളിൽ വാക്സിൻ വിതരണം ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. എപ്പോഴാണോ പ്രശ്നം വേണ്ട വിധം കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനം സജ്ജമാക്കുക, അന്ന് മുതൽ സൗജന്യ ചികിത്സ ഒരുക്കേണ്ട ബാധ്യത തങ്ങൾ നീക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിൽ സജ്ജമാക്കുന്ന സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും ആഴ്ച്ചതോറും അത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആനിമൽ ബെർത്ത് കൺട്രോൾ (എബിസി), വാക്സിനേഷൻ ഡ്രൈവ്, പേവിഷബാധയുള്ള നായ്ക്കളെ തിരിച്ചറിയൽ അതിനെ പിടികൂടി കരുതൽ തടങ്കലിൽവെക്കൽ, കാര്യക്ഷമമായ രീതിയിലുള്ള മാലിന്യ സംസ്‌കരണം തുടങ്ങിയ നിർദേശങ്ങൾ പ്രശ്ന പരിഹാരത്തിന് അവലംബിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളെ ഹോട്ട്സോപോട്ടുകളാക്കി തിരിച്ചതും വാക്സിൻ ഡ്രൈവ് ആരംഭിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.