ലാവലിൻ കേസ്; ചൊവ്വാഴ്ചത്തെ പട്ടികയിൽ കേസ് ഉൾപ്പെടുത്തി സുപ്രീം കോടതി

ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് രണ്ട് മണിക്കുള്ള പട്ടികയിൽ നാലാമത്തെ കേസായാണ് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തതിട്ടുള്ളത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ കേസ് എടുക്കൂ എന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ കേസ് വീണ്ടും മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.

മുപ്പതിലേറെ തവണയാണ് ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സെപ്തംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഹർജികൾ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് സെപ്തംബർ 13ലെ പട്ടികയിൽ നിന്ന് ഹർജികൾ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.

2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.