പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി ലഭിച്ച 1,222 വസ്തുക്കൾ ലേലത്തിൽ വിൽക്കുന്നു; തുക ഗംഗ നദി സംരക്ഷിക്കുന്ന പദ്ധതിയിലേക്ക് നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനമായി ലഭിച്ച 1,222 വസ്തുക്കൾ ലേലത്തിൽ വിൽക്കുന്നു. സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നും ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2-നും ഇടയിലാണ് ഇ-ലേലം നടക്കുന്നത്.

ഈ കാലയളവിൽ വസ്തുക്കൾ പൊതുജനങ്ങൾക്ക് കാണാനായി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, ആദിവാസികൾ നിർമ്മിച്ച ശിൽപമാതൃകകൾ തുടങ്ങിയവയും പ്രദർശിപ്പിക്കും. 100 രൂപ മുതലാണ് ലേല വില ആരംഭിക്കുന്നത്. 15-ഓളം ഇനങ്ങൾക്ക് 5 ലക്ഷം രൂപയ്ക്ക് മുകളിൽ വില നിശ്ചയിച്ചിട്ടുണ്ട്. ഗ്രാഫൈറ്റിൽ നിർമ്മിച്ച ഗാന്ധിജിയുടെ പ്രതിമ, 2022 കോമൺവെൽത്ത് സംഘം ഒപ്പിട്ട ടി-ഷർട്ട്, നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് സമ്മാനിച്ച് മെമന്റോകൾ തുടങ്ങിയവ ലേലത്തിൽ വിൽപ്പന നടത്തും.

നരേന്ദ്ര മോദിയ്ക്ക് സമ്മാനമായി ലഭിച്ച പരമ്പരാഗത അംഗവസ്ത്രങ്ങൾ, ഷാളുകൾ, ശിരോവസ്ത്രങ്ങൾ, രാമക്ഷേത്രത്തിന്റെ പകർപ്പുകൾ, ആചാരപരമായ വാളുകൾ തുടങ്ങിയവയും പൊതുജനങ്ങൾക്ക് കാണാൻ അവസരം ലഭിക്കും. ലേലത്തിലൂടെ 2.7 കോടി രൂപ ലഭിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചത്. തുക ഗംഗ നദി സംരക്ഷിക്കുന്ന പദ്ധതിയിലേക്ക് വിനിയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.