ലോക്‌സഭ തെരഞ്ഞെടുപ്പ്; പുതിയ തന്ത്രങ്ങളുമായി സിപിഎം

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി സിപിഎം. വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. തമിഴ്‌നാട്ടിൽ വിജയിപ്പിച്ചെടുത്ത തന്ത്രം ഏറ്റെടുക്കാനുള്ള ധാരണയാണ് സി പി എം പൊളിറ്റ് ബ്യൂറോയിലുണ്ടായത്. എം കെ സ്റ്റാലിൻ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡി എം കെയ്‌ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ചത്. ഈ തന്ത്രം വിവിധ സംസ്ഥാനങ്ങളിൽ പയറ്റുന്നതാണ് നല്ലതെന്നാണ് സിപിഎം അഭിപ്രായപ്പെടുന്നത്.

സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കുമെന്നും യോഗത്തിൽ ധാരണയായി. ബിജെപിക്കെതിരെ തമിഴ്‌നാട് മോഡൽ സഖ്യത്തിന് സംസ്ഥാനങ്ങളിൽ ശ്രമിക്കാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകാമെന്നാണ് സിപിഎം ലക്ഷ്യമിടുന്നത്.

അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പിന്തുണച്ചു. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങൾ കൂടുതലുള്ളതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആദ്യം സിപിഎം ഭാരത് ജോഡോ യാത്രയെ എതിർത്തിരുന്നു.