അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയൽ; പുതിയ പോർട്ടൽ വികസിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാൻ പുതിയ നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. ഇതിനായി പോർട്ടൽ വികസിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുലങ്ഷഹറിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന പോർട്ടലാകും വികസിപ്പിക്കുന്നതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

മയക്കുമരുന്ന് വ്യാപാരവും അനധികൃത മദ്യവും തടഞ്ഞ് യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിന് സർക്കാർ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ പെട്ടെന്ന് വരുതിയിൽ കൊണ്ട് വരാൻ സാധിക്കുന്ന ഒരു പോർട്ടൽ വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബുലന്ദ്ഷഹറിലെ ജനപ്രതിനിധികൾ മേഖലയുടെ വികസനത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. ബാബുജിയുടെ പേരിൽ ഇവിടെ നിർമ്മിക്കുന്ന മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫിലിം സിറ്റി, സമീപ പ്രദേശങ്ങളിലെ ടോയ് പാർക്ക്, മീററ്റിൽ വരാനിരിക്കുന്ന സ്പോർട്സ് യൂണിവേഴ്സിറ്റി തുടങ്ങിയ പദ്ധതികൾ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വാമിത്വ പദ്ധതിയിൽ നിന്ന് ഇതുവരെ പ്രയോജനം ലഭിച്ചത് 36 ലക്ഷം കുടുംബങ്ങൾക്കാണ്. യുവാക്കൾക്കായി 15 ലക്ഷത്തിൽ അധികം ടാബ്ലെറ്റുകളും സ്മാർട്ട് ഫോണുകളും വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.