ലൈംഗിക ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണം: ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി രണ്ട് മാസത്തിനുള്ളില്‍ ലൈംഗിക ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ബച്ചു കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ പ്രയത്തിന് അനുസരിച്ചായിരിക്കണം പാഠ്യ പദ്ധതിയെന്നും ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതും തടയുന്നതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കുകയെന്നത് അമേരിക്കയിലെ എറിന്‍സ് നിയമം ആവശ്യപ്പെടുന്നുണ്ട്. ഇത് മാതൃകയാക്കണമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. കുട്ടികള്‍ക്ക് സ്വയം പ്രതിരോധമടക്കമുള്ള കാര്യങ്ങളാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. 2019ല്‍ ആണ് അമേരിക്ക ഈ നിയമം പാസാക്കുകയും നിയമമാക്കുകയും ചെയ്തത്.