കൊച്ചി: പ്രശസ്ത ദളിത് – സ്ത്രീ ആക്റ്റിവിസ്റ്റ് രേഖ രാജിന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നൽകിയ നിയമനം റദ്ദാക്കി ഹൈക്കോടതി. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകിയെന്നുമായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. സെലക്ഷൻ കമ്മിറ്റി പിഎച്ച്ഡിയ്ക്ക് ലഭിക്കേണ്ട ആറു മാർക്ക് നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. തുടർന്നാണ് രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്.
രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

