‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം; വിവാദ പോസ്റ്റ് പിന്‍വലിച്ച് കെ.ടി ജലീല്‍

കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിക്കാന്‍ ജലീല്‍ നിര്‍ബന്ധിതനായത്.

കെ.ടി ജലീലിന്റെ വിശദീകരണം ഇങ്ങനെ

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.