ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി എൻഫോഴ്‌സ്‌മെന്റ്; സ്ഥലം മാറ്റം ചെന്നൈയിലേക്ക്

കൊച്ചി: സ്വർണക്കടത്തിലെ ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥലംമാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്. ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റം. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.

പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നിലവിലെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. പത്ത് ദിവസത്തിനകം ചെന്നൈയിലെ സോണൽ ഓഫീസിൽ ജോയിൻ ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന് നൽകിയിരിക്കുന്ന നിർദേശം. ഒരു വർഷം മുമ്പ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണക്കടത്ത് കേസിന്റെ ചുമതലയുള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തുടർവിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന് നേരത്തെ സുപ്രീംകോടതിയിൽ ഇ ഡി ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നുവെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതു തടയാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.