ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന് പരിഹാരവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; അമ്പത് ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കും

കൊളംബോ: ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന് പരിഹാരവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ശ്രീലങ്കയിൽ പുതുതായി അമ്പത് ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ലങ്ക ഐ ഒ സി തീരുമാനിച്ചു. ശ്രീലങ്കൻ സർക്കാർ ഇതിനായുള്ള അനുമതി നൽകി. പുതിയ ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കാൻ അനുവദിച്ച ശ്രീലങ്കൻ സർക്കാരിന് നന്ദി അറിയിച്ച് ലങ്ക ഐ ഒ സി മാനേജിംഗ് ഡയറക്ടർ മനോജ് ഗുപ്ത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ശ്രീലങ്കൻ സർക്കാരിന് നന്ദി അറിയിച്ചത്.

50 ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള പരസ്യം ഉടൻ നൽകുമെന്നും മനോജ് ഗുപ്ത അറിയിച്ചു. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാത്രമായിരുന്നു ഇന്ധനത്തിന്റെ ചില്ലറ വില്പന നടത്തിയിരുന്നത്. ശ്രീലങ്കയുടെ എണ്ണ സംഭരണ കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷൻ ജൂൺ അവസാനത്തോടെ ഇന്ധന സംഭരണം നടത്താൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയതോടെ ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യം രാജ്യത്ത് അവശ്യ സേവനങ്ങളുടെ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തിരുന്നു.