വിദേശ പൗരന്മാര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

വിദേശ പൗരന്മാര്‍ക്കായി രണ്ടു മാസത്തിനകം താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സാമൂഹ്യനീതി വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിദേശ പൗരന്മാരെ ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നൈജീരിയന്‍ സ്വദേശിയായ ഒലോറുംഫെമി ബെഞ്ചമിന്‍ ബാബ ഫെമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, 2012-ല്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് വിചാരണ നേരിടുന്നവരും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി സ്വരാജ്യത്തേക്ക് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്നവരുമായ വിദേശ പൗരന്മാരെ പാര്‍പ്പിക്കാന്‍ താല്‍കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അനധികൃതമായി രാജ്യത്തു പ്രവേശിച്ചവര്‍, വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

ചുരുങ്ങിയത് ഒരു തടങ്കല്‍ പാളയമെങ്കിലും ഒരു സംസ്ഥാനത്ത് നിര്‍മ്മിക്കണമെന്ന് 2018 ലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തന്റെ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടിയിരുന്നു. ‘വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ 46 കോടി രൂപ നല്‍കി. ഇപ്പോള്‍ തടങ്കല്‍ കേന്ദ്രങ്ങളില്ലെന്ന് മോദിക്ക് എങ്ങനെ പറയാന്‍ കഴിയും’-എന്നു അദ്ദേഹം ചോദിച്ചു.