ഈ വർഷത്തെ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതൽ ആരംഭിക്കും; സെപ്തംബർ മൂന്നിന് ഓണാവധി ആരംഭിക്കുമെന്ന് വി ശിവൻകുട്ടി

കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതൽ ആരംഭിക്കും. സെപ്തംബർ 2 വരെയാണ് പരീക്ഷ നടക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്തംബർ മൂന്നിന് ഓണാവധി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓണാവധിക്കു ശേഷം സ്‌കൂളുകൾ സെപ്തംബർ 12 ന് തുറക്കും. പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിനു കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.