സിൽവർ ലൈൻ നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതി; കേന്ദ്രാനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അനുമതി കിട്ടുമ്പോഴേക്കും സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് നടപടികൾ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും പദ്ധതി വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിന്റെ പദ്ധതിയായാണ് സിൽവർ ലൈനെ പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് നേണ്ടിയുള്ള പദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണ്. പദ്ധതി കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ നേരത്തേ നടപ്പാക്കിയേനെ. പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.