നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെ ബുധനാഴ്ച്ചയും ചോദ്യം ചെയ്യും

ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ചയും ഹാജരാകണമെന്ന് നിർദ്ദേശം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ചൊവ്വാഴ്ചയും ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് ചോദ്യം ചെയ്യലിന് ശേഷം സെൻട്രൽ ഡൽഹിയിലെ ഇ.ഡി ഓഫീസിൽ നിന്ന് സോണിയ ഗാന്ധി മടങ്ങിയത്.

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിയെ ഇഡി വിളിച്ചുവരുത്തിയതിൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പോലീസ് വിട്ടയച്ചു. മല്ലികാർജുൻ ഖാർഗെ, രഞ്ജീത് രഞ്ജൻ, കെസി വേണുഗോപാൽ, മാണിക്കം ടാഗോർ, ഇമ്രാൻ പ്രതാപ്ഗർഹി, കെ സുരേഷ് തുടങ്ങിയ നേതാക്കളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടയുകയും രാഹുൽ ഉൾപ്പെടെയുള്ളവരെ പേലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച് തടഞ്ഞ് എല്ലാ കോൺഗ്രസ് എംപിമാരേയും വിജയ് ചൗക്കിൽ തടഞ്ഞുനിർത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുവെന്ന് കോൺഗ്രസ് വാക്താവ് ജയ്‌റാം രമേശ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ തങ്ങളെ പോലീസ് ബസുകളിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മാത്രം അറിയാവുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.