പ്രസ്ഥാനത്തെ ഒറ്റിയതിന് പാരിതോഷികം ലഭിച്ചതാണ് കെ.കെ രമക്ക് എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം എം.പി

കെ കെ രമ ഒറ്റുകാരിയാണെന്നും അതിന് കിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്നും എളമരം കരീം എംപി. എംഎല്‍എ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്നും എളമരം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം.

‘ടി.പി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു സി.എച്ച് അശോകന്‍. വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി?ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എല്‍.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകന്‍’- കരീം പറഞ്ഞു.

നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെ.കെ രമയുടെ പ്രതികരണം.