കെ ടി ജലീൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന് അപേക്ഷിച്ചത് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണിയായി പ്രവർത്തിക്കാനാണോയെന്ന് സംശയമുണ്ട്; ആരോപണങ്ങളുമായി പി കെ ഫിറോസ്

കോഴിക്കോട്: മുൻമന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കെ.ടി ജലീൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന് അപേക്ഷ നൽകിയത് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണിയായി പ്രവർത്തിക്കാനാണോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നതെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചുകാലം മുമ്പ് കെ.ടി ജലീൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന് അപേക്ഷിച്ച സംഭവമുണ്ടായിരുന്നു. എന്തിനാണ് വിദേശത്ത് പോകാൻ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടെന്ന് പി കെ ഫിറോസ് ചോദിച്ചു.

കേന്ദ്രം ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് കൊടുത്തില്ല. താൻ മനസ്സിലാക്കുന്നത് ഇവരുടെ ഉപദേശമാണ് ഡിപ്ലോമാറ്റിക് കരസ്ഥമാക്കാൻ ജലീലിനെ പ്രേരിപ്പിച്ചതെന്നാണ്. ഇതെക്കുറിച്ച് അന്വേഷിക്കണം. ഈ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുണ്ടെങ്കിൽ വിദേശത്ത് പോകുന്നതിനും വരുന്നതിനുമൊക്കെ ഒരു ഗ്രീൻ ചാനലുണ്ടാകും. എന്തും കൊണ്ടുപോകാം, എന്തും കൊണ്ടുവരാം. കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവർത്തിക്കാനാണോ ജലീൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന് അപേക്ഷ കൊടുത്തതെന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് പി കെ ഫിറോസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി കെ ഫിറോസ് രൂക്ഷ വിമർശനം ഉന്നയിച്ചു. പിണറായിക്കെതിരെ പ്രതിഷേധിച്ചതിന് ഞങ്ങളുടെ പ്രവർത്തകന്റെ വീടിന് തിവെച്ചു. കട തകർത്തു. നാട്ടിൽ അരാജകത്വമുണ്ടാക്കി. പിണറായിത്തമ്പുരാൻ കൽപ്പിച്ചാൽ പ്രതിഷേധം പാടില്ല എന്നാണോ. അങ്ങിനെ ഒരു തമ്പുരാന്റെ മുന്നിലും മുട്ടുമടക്കേണ്ട എന്നാണ് തങ്ങളുടെ തീരുമാനം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന ഇരട്ടച്ചങ്കനെന്ന് സ്വയം വിശേഷിപ്പിച്ച പിണറായിക്ക് കറുത്ത തുണി കണ്ടുകൂട. കറുത്ത മാസ്‌ക് പാടില്ല, പർദ പാടില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ലോക ചരിത്രത്തിൽ ആദ്യമായാണ് ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയത്. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോവുക. അതിൽ ലോഹമുണ്ടെന്ന് കേസിലെ പ്രതി പറയുക. എന്നിട്ടും ഒരു അന്വേഷണവുമില്ല. ബി.ജെപിയുമായി അഡ്ജസ്റ്റമെന്റ് എന്ന് പറയുന്നു. അഴിമതി ആരോപണം നേരിട്ടവരിൽ ബി.ജെ.പി ഇതര നേതാക്കളിൽ ചോദ്യം ചെയ്യാതെ പോയ ഏക ആളാണ് പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയെ 56 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഒരു ലക്ഷത്തിന്റെ കണക്ക് പറഞ്ഞില്ലെന്ന് പറഞ്ഞാണ് ചോദ്യം ചെയ്തത്. ബിരായിണിച്ചെമ്പിൽ സ്വർണ്ണം കടത്തിയെന്ന ആരോപണമുള്ള മുഖ്യമന്ത്രിയെ ഒരു മണിക്കൂറെങ്കിലും ചോദ്യം ചെയ്‌തോയെന്ന് അദ്ദേഹം ചോദിക്കുന്നു. ബിജഡെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെയുള്ള അന്വേഷണം ഇപ്പോൾ എവിടെയുമില്ല. കോടികൾ കർണ്ണാടകയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നപ്പോൾ ആറ് കോടി തൃശൂരിൽ നിന്ന് പിടിച്ചതാണ് കേസ്. അത് കൃത്യമായി അന്വേഷിച്ചാൽ സുരേന്ദ്രനിൽ മാത്രമല്ല നിൽക്കുക, ബി.ജെ.പി ദേശീയ നേതൃത്വത്തിലേക്ക് അന്വേഷണം പോകും. പക്ഷെ കേരള പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല. മഞ്ചേരിയിൽ കോഴ കൊടുത്ത കേസ് അന്വേഷണം എവിടെയുമെത്തിയില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് ഒത്തുകളി. അതിന്റെ ആനുകൂല്യമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.