അമ്പലപ്പുഴയുടെ തീരദേശത്ത് രൂക്ഷമായ കടലേറ്റം; ദുരിതത്തിലായി തീരദേശവാസികൾ

ആലപ്പുഴ: അമ്പലപ്പുഴയുടെ തീരദേശത്ത് രൂക്ഷമായ കടലേറ്റം. തോട്ടപ്പള്ളിമുതൽ പുറക്കാട് വാസുദേവപുരംവരെയുള്ള പ്രദേശങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്. പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞുതാണിട്ടുണ്ട്.

കടൽഭിത്തിക്കു മുകളിലൂടെയാണ് വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത്. കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് കടലേറ്റവും രൂക്ഷമാകുന്നത്. മേഖലയിലെ ജനജീവിതം തന്നെ ദുസഹമായിരിക്കുകയാണ്. സ്വന്തം വീടിനുള്ളിൽ കിടന്നുറങ്ങാൻ പോലും ജനങ്ങൾ ഭയക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്. വാസുദേവപുരം, മാത്തേരി, പുത്തൻനട, പുന്തല, ആനന്ദേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. കടൽഭിത്തിയോടു ചേർന്നുള്ള വീടുകളിൽ പലതിലും ശൗചാലയങ്ങൾ തകർന്നു. 2021 മേയ് മാസത്തിലെ ചുഴലിക്കാറ്റിൽ പലവീടുകളുടെയും ശൗചാലയങ്ങൾ തകർന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടും അഞ്ചുപൈസപോലും സർക്കാർ നഷ്ടപരിഹാരമായി നൽകിയില്ലെന്ന് ഇവിടുത്തെ ജനങ്ങൾ ആരോപിക്കുന്നു.