തൃക്കരിപ്പൂരിൽ രണ്ടു പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കോഴിക്കോട്: തൃക്കരിപ്പൂരിൽ രണ്ടു പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. പത്തോളം സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച് വൺ എൻ വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടേണ്ടതും
എച്ച് വൺ എൻ വൺ രോഗികളുമായി സമ്പർക്കമുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് എച്ച് വൺ എൻ വണ്ണിന്റെ രോഗ ലക്ഷണങ്ങൾ. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കും. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. അപ്പോൾ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കും. വായും മൂക്കും മറയുന്ന വിധത്തിൽ മാസ്‌ക് ധരിക്കണം. പൊതുസ്ഥലത്ത് തുപ്പരുത്, രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക, ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കൽ എന്നിവ ഒഴിവാക്കുക. മൊബൈൽ ഫോൺ ഷെയർ ചെയ്യാതിരിക്കുക. പുറത്തുപോയി വീട്ടിലെത്തിയാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.