കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി തള്ളി ലോകായുക്ത

തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി തള്ളി ലോകായുക്ത. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ ആർ ചന്ദ്ര ബാബുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത പരാതിയാണ് ലോകായുക്ത തള്ളിയത്. തൃശൂർ താന്നിക്കുടം സ്വദേശി ശ്രീ വി.എസ്. സത്യശീലനാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

ഡോ ആർ ചന്ദ്ര ബാബുവിനെക്കാൾ യോഗ്യരായ 20 അപേക്ഷകർ ഉണ്ടായിരുന്നുവെന്നും ഡോ ആർ ചന്ദ്ര ബാബു അപേക്ഷയോടൊപ്പം നൽകിയ തന്റെ ബയോഡാറ്റയിൽ തെറ്റായ വസ്തുതകൾ ഉൾപ്പെടുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സത്യശീലൻ പരാതി നൽകിയത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമർത്ഥിക്കുവാൻ ഉതകുന്ന ഒരു തെളിവും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

യു ജി സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡോ ആർ ചന്ദ്ര ബാബുവിനെ വൈസ് ചാൻസലർ ആയി നിയമിച്ചത് എന്ന് തെളിയിക്കുവാൻ സാധിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.