സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് 13 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത ബുധനാഴ്ച വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.