ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം; ഇന്ന് മുതല്‍ വ്യാപക റെയ്ഡ്‌

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ കടകളിലും മറ്റും തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇന്ന് മുതല്‍ വ്യാപക റെയ്ഡ് നടത്തും. ഒന്നിലേറെ ഏജന്‍സികള്‍ പരിശോധനക്കെത്തും.

പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. പ്രത്യേക കണ്‍ട്രോള്‍ റൂമുകളും സ്‌ക്വാഡുകളും ഇതിനായി ഉണ്ടാകും. കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. വ്യക്തികള്‍ക്കും വീടുകള്‍ക്കും 500 രൂപയാണ് പിഴ. സ്ഥാപനങ്ങള്‍ നിരോധനം ലംഘിച്ചാല്‍ 5000 രൂപയും.

അതേസമയം, രാജ്യത്ത് പ്രതിദിനം 25940 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം കാലങ്ങളായി പല തരത്തില്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

നിരോധിച്ചവ അറിയാം

മിഠായി സ്റ്റിക്ക്, പ്ലാസ്റ്റിക് സ്റ്റിക്കോടു കൂടിയ ഇയര്‍ ബ#്‌സിലെ സ്റ്റിക്ക്, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണ്‍ സ്റ്റിക്

പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിം

പ്ലാസ്റ്റിക് മേശ വിരിപ്പുകള്‍, പ്ലേറ്റുകള്‍, ടംബ്ലറുകള്‍, കപ്പുകള്‍

പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍

പഴങ്ങളും, പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍

500 മില്ലി ലിറ്റര്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍

ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, കുടിവെള്ള പൗച്ചുകള്‍

പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പിവിസി ഫ്‌ളക്‌സുകള്‍, പ്ലാസ്റ്റിക് കോട്ടട് തുണി, പോളിസ്റ്റര്‍, നൈലോണ്‍

പ്ലാസ്റ്റിക് നിര്‍മ്മിത സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റീറര്‍

തെര്‍മ്മോക്കോള്‍/സ്‌റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍, ടംബ്ലറുകള്‍ പ്ലേറ്റുകള്‍