നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാൻ സാധ്യമല്ല; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

സ്വർണ്ണക്കടത്ത്, കറൻസികടത്ത് തുടങ്ങിയവയിൽ ഹൈക്കോടതി മേൽ നോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കിൽ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയ്യാറാകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വപ്നയെ സംരക്ഷിക്കുന്നത് ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയിൽ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുനിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും കേസെടുക്കുന്ന ഈ സർക്കാരിന്റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നൽകിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രമാണെന്നും അദ്ദേഹം വിമർശിച്ചു.

ബാഗേജ് മറന്നു പോയിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോൾ കസ്റ്റംസിന് നൽകിയ എം.ശിവശങ്കറിന്റെതായി പുറത്ത് വന്ന മൊഴിയിൽ പറയുന്നത് അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോൾ കോൺസുൽ ജനറലിന്റെ സഹായത്തോടെ എത്തിച്ചുയെന്നാണ്.എന്നാൽ ഈ വിഷയത്തിൽ സ്വപ്ന പറഞ്ഞതാകട്ടെ കോൺസ്ലേറ്റ് ജനറലിന്റെ സഹായത്തോടെ എത്തിച്ച ബാഗിൽ നിറയെ കറൻസിയായിരുന്നുവെന്നുമാണ്. ഇതിൽ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരൻ ആവശ്യപ്പെട്ടു.