ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിൽപ്പന നിയന്ത്രണം എടുത്തുകളയും; തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിൽപ്പന നിയന്ത്രണം എടുത്തുകളയാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വിൽപ്പന നിയന്ത്രണം എടുത്തുകളയുന്നതോടെ ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ നിർമാതാക്കൾക്ക് വിപണന സ്വാതന്ത്ര്യം ലഭിക്കും.

ഉത്പാദിക്കപ്പെടുന്ന അസംസ്‌കൃത എണ്ണ നിർമാതാക്കൾക്ക് ഇനി അവരുടെ താത്പര്യപ്രകാരം ആഭ്യന്തര വിപണിയിൽ വിൽപ്പന നടത്താൻ കഴിയും. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ ഒക്ടോബർ ഒന്ന് മുതൽ സർക്കാരിനോ അവരുടെ നോമിനികൾക്കോ സർക്കാർ കമ്പനികൾക്കോ അസംസ്‌കൃത എണ്ണ വിൽക്കാനുള്ള (പ്രൊഡക്ഷൻ ഷെയറിങ് കോൺട്രാക്റ്റ്) കരാറിലെ വ്യവസ്ഥകൾ ഒഴിവാക്കപ്പെടും.