അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല; അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണ് വേണ്ടതെന്ന് കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: നടൻ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തെച്ചൊല്ലിയുണ്ടായ വാദപ്രതിവാദത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണ് വേണ്ടത്. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീഡിയ നോക്കിയാണ്. ക്ലബിന്റെ ഇംഗ്ലിഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ല. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതെന്തിനെന്ന് ഇടവേളബാബു പറയണം. ആരെ രക്ഷിക്കാൻ വേണ്ടിയാണാ പ്രസ്താവയെന്നും അദ്ദേഹം ചോദിക്കുന്നു.