മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അധികാരം പിടിച്ചടക്കാനുള്ള നീക്കങ്ങളുമായി ബിജെപി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക് പോയി. മുംബൈയിൽ രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം പാർട്ടി ഉന്നതനേതൃത്വവുമായി ചർച്ച നടത്താനായി ഡൽഹിയ്ക്ക് പോയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് വിവരം.
അതേസമയം, ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നൽകിക്കൊണ്ടുള്ള ഫ്ളെക്സുകൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൗലി ദേവീ, അവിടുത്തെ അനുഗ്രഹം ഞങ്ങൾക്ക് തുടർന്നും ഉണ്ടാകട്ടെ. മുഖ്യമന്ത്രിയായതിന് ശേഷം ദേവേന്ദ്രജി പന്ധർപുരിൽ വന്ന് നിങ്ങൾക്കുമുന്നിൽ പ്രാർത്ഥിക്കാൻ ഇടവരട്ടെ’ എന്നാണ് ഔറംഗാബാദിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ എഴുതിയിട്ടുള്ളത്.
എന്നാൽ, ഉദ്ധവ് താക്കറെ സർക്കാർ തുടരുമെന്ന് വ്യക്തമാക്കി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തിയിട്ടുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് ശരത് പവാർ അറിയിച്ചു. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

