തീരമേഖലയോടുള്ള സര്‍ക്കാരുകളുടെ അവഗണന; തുറമുടക്കി സമരാഹ്വാനവുമായി ലത്തീന്‍ അതിരൂപതാ ബിഷപ്പ്‌

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയെ സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ലത്തീന്‍ അതിരൂപതാ തിരുവനനന്തപുരം ആര്‍ച്ച് ബിഷപ് റവ.തോമസ് ജെ. നെറ്റോ തുറമുടക്കിയുള്ള സമരത്തിന് ആഹ്വാനം ചെയ്തു. തീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നാളെ സമരം ചെയ്യാനാണ് ലത്തീന്‍ അതിരൂപത ബിഷപ്പിന്റെ തീരുമാനം.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സംഘടനകള്‍ വഴിയും അല്ലാതെയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നാപിച്ചാണ് ബിഷപ്പിന്റെ സമരാഹ്വാനം. ഈയടുത്ത് ചുമതലയേറ്റ ആര്‍ച്ച് ബിഷപ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്.

ആലപ്പുഴ, കൊല്ലം, പുനലൂര്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്താല്‍ കേരളത്തിന്റെ തെക്കന്‍ തീരം പകുതിയോളം നിശ്ചലമാകും.